2013, ജൂലൈ 10, ബുധനാഴ്‌ച

ത്രീഡി പ്രിന്റിങിലൂടെ ആദ്യ തോക്ക്; ഒപ്പം വിവാദവും




ത്രീഡി പ്രിന്റിങ് സങ്കേതത്തിലൂടെ സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യ തോക്ക് വിജയകരമായി പരീക്ഷിച്ചു. അമേരിക്കയില്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് തോക്കിന്റെ പരീക്ഷണം നടന്നത്. 

വിവാദകമ്പനിയായ 'ഡിഫെന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' ( Defense Distributed ) ആണ്, ത്രീഡി പ്രിന്റിങ് സങ്കേതം വഴി തോക്കിന് രൂപംനല്‍കിയത്. അതിന്റെ രൂപരേഖകള്‍ ( blueprints ) ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനുള്ള കമ്പനിയുടെ തീരുമാനം ഇതിനകം വിവാദമായിക്കഴിഞ്ഞു.

തോക്ക് സംസ്‌ക്കാരംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരമൊരു നീക്കം ആശങ്കാജനകമാണെന്ന് തോക്കുവിരുദ്ധ ലോബികള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. യൂറോപ്യന്‍ ഏജന്‍സികളും ഈ മുന്നേറ്റത്തെ കരുതലോടെ നിരീക്ഷിച്ചു വരികയാണ്. 

ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ മേധാവി 25 -കാരനായ നിയമ വിദ്യാര്‍ഥി കോഡി വില്‍സണ്‍ ആണ്, ത്രീഡി പ്രിന്റിങ് വഴി വാര്‍ത്തെടുത്ത തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് സംഭവം വിജയമാണെന്ന് പ്രഖ്യാപിച്ചത്. ശനിയാഴ്ചയായിരുന്നു പരീക്ഷണം. 

എബിഎസ് പ്ലാസ്റ്റിക് ഉപയോഗിച്ച് വെവ്വേറെ പ്രിന്റ് ചെയ്‌തെടുത്ത ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തോക്കുണ്ടാക്കുന്നത്. ഓണ്‍ലൈന്‍ ലേല സൈറ്റായ 'ഈബേ'യില്‍ നിന്ന് സംഘടിപ്പിച്ച 8000 ഡോളര്‍ വിലയുള്ള ത്രീഡി പ്രിന്റര്‍ ഉപയോഗിച്ചാണ് തോക്കിന് രൂപംനല്‍കിയത്. തോക്കിലെ ബുള്ളറ്റ് മാത്രം ലോഹമുപയോഗിച്ച് നിര്‍മ്മിച്ചു. 


'ഉത്പാദനപ്രക്രിയയുടെ ഭാവി'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് ത്രീഡി പ്രിന്റിങ്. പാളികള്‍ക്ക് മേല്‍ പാളികള്‍ എന്ന വിധത്തില്‍ പ്ലാസ്റ്റിക്കും മറ്റും കൂട്ടിവിളക്കി സങ്കീര്‍ണ ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് ഈ സങ്കേതമുപയോഗിച്ച് ചെയ്യുക. 

നിലവില്‍ ഇത്തരം പ്രിന്ററുകള്‍ക്ക് വലിയ വിലയാണ്. ഭാവിയില്‍ ത്രീഡി പ്രിന്ററുകള്‍ക്ക് വില കുറയുമ്പോള്‍ കഥമാറുമെന്ന് വിലയിരുത്തപ്പെടുന്നു. കടയില്‍ പോയി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം, ഡിസൈനുകളും രൂപരേഖകളും ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വീട്ടില്‍ തന്നെ പ്രിന്ററില്‍ അവ രൂപപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. 

തങ്ങള്‍ നിര്‍മിച്ച തോക്കിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി ലോകമെങ്ങും എത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം വില്‍സണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഒരാള്‍ക്ക് ത്രീഡി പ്രിന്റിങ് വഴി തോക്ക് സൃഷ്ടിക്കാന്‍ കഴിയുക എന്നത് 'സ്വാതന്ത്ര്യ'ത്തിന്റെ കാര്യമാണെന്ന് വില്‍സണ്‍ വാദിക്കുന്നു. 

'എന്താണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് സാധ്യമാകുമെന്ന് ടെക്‌നോളജി പറയുന്ന ലോകമാണിത്. അതില്‍ രാഷ്ട്രീയക്കാര്‍ക്ക് കാര്യമില്ല' - വില്‍സണ്‍ പറഞ്ഞു. 'ഈ ഉപകരണത്തിന് മറ്റുള്ളവരെ അപകടപ്പെടുത്താന്‍ കഴിയുമെന്ന കാര്യം എനിക്കറിയാം. തോക്കെന്നാല്‍ അതാണ്'. 

ആര്‍ക്കും തോക്കുകള്‍ 'പ്രിന്റ് ചെയ്‌തെ'ടുക്കാം എന്ന അവസ്ഥ ഉത്ക്കണ്ഠാജനകമാണെന്ന് വിവിധ സംഘടകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

തോക്കുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് മാത്രമല്ല, ത്രീഡി പ്രിന്റിങ് സങ്കേതത്തെക്കുറിച്ചും ആശങ്കകള്‍ ശക്തമാണ്. പാശ്ചാത്യലോകത്ത് ചില ക്രിമിനല്‍ സംഘടനകള്‍ ഇപ്പോള്‍ തന്നെ കാര്‍ഡ് റീഡറുകള്‍ ( 'skimmers' ) സൃഷ്ടിച്ച് ബാങ്ക് തട്ടിപ്പ് നടത്താനും മറ്റും ത്രീഡി പ്രിന്റിങ് സങ്കേതം ഉപയോഗിക്കുന്നുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ